മക്കളോടൊപ്പം അവധി ആഘോഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 55-ാം വയസിൽ മണാലിയിലേക്ക് യാത്ര ചെയ്ത് കുടുംബത്തോടൊപ്പം ആഹ്ലാദിക്കുന്ന നഫീസുമ്മയുടെ വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിതാ കഴിഞ്ഞ ദിവസം നഫീസുമ്മയുടെ വീഡിയോ വീണ്ടും ചർച്ചയായി. നഫീസുമ്മയുടെ യാത്രയെ വിമർശിക്കുന്ന ഒരു മുസ്ലീം പണ്ഡിതന്റെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ചർച്ച.
‘ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിന് പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞിൽ കുളിക്കാൻ പോയി’ എന്നാണ് പ്രഭാഷണത്തിനിടെ തീവ്ര മതപണ്ഡിതൻ വിമർശിച്ചത്. പണ്ഡിതന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ഇയാൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വരുന്നത്. അതേസമയം, നഫീസുമ്മയെ പിന്തുണച്ച് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും രംഗത്തെത്തുകയാണ്.
മണിക്കൂറുകൾ കൊണ്ട് അമ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയാണ് നഫീസുമ്മയുടെ മണാലി യാത്ര. എന്നാൽ വീഡിയോ വൈറലായതിന് ശേഷം തന്റെ ജീവിതത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും പങ്കുവയ്‌ക്കുന്ന നഫീസുമ്മയുടെ മറ്റൊരു വീഡിയോയും ഏറെ വൈറലായിരുന്നു. കാഴ്ചക്കാരുടെ കണ്ണ് നനയ്‌ക്കുന്നതായിരുന്നു നഫീസുമ്മയുടെ കഥ.
തന്റെ മകൾക്ക് ഏഴ് വയസുള്ളപ്പോഴാണ് ഭർത്താവ് മരിക്കുന്നതെന്നും അതിന് ശേഷം ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ലെന്നും നഫീസുമ്മ വീഡിയോയിൽ പറയുന്നു. കൂലി പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് കുടുംബം നോക്കിയത്. മൂന്ന് പെൺമക്കളെ വളർത്തി വിവാഹം കഴിപ്പിച്ചയച്ചു. മക്കളാണ് എന്നെ യാത്ര കൊണ്ടുപോകുന്നത്. ഇന്ന് ഞാൻ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണമെന്നും നഫീസുമ്മ വീഡിയോയിൽ പറയുന്നു.















