കൊൽക്കത്ത: ഏഴ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച് വഴിയരികിൽ ഉപേക്ഷിച്ച യുവാവിന് വധശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.
കൊൽക്കത്തയിലെ ബുർതൊള്ള ഏരിയയിൽ 2024 നവംബർ 30നാണ് നടുക്കുന്ന ക്രൂരത നടന്നത്. തെരുവോരത്ത് കഴിയുന്ന ദമ്പതികളുടെ മകളെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ ദമ്പതികൾ പൊലീസിൽ പരാതിപ്പെട്ടു. തെരച്ചിലിനിടെ നടപ്പാതയിൽ നിന്ന് കുട്ടിയെ കണ്ടെത്തി. കരഞ്ഞുനിലവിളിക്കുകയായിരുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി രാജീവ് ഘോഷാണെന്ന് തെളിഞ്ഞു. ഡിസംബർ നാലിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഝർഗ്രാമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 26 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പിന്നീടുള്ള നടപടികളും വേഗത്തിലായിരുന്നു. ഫെബ്രുവരി 17ന് കേസ് പരിഗണിച്ച കോടതി ഘോഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്ന പ്രോസിക്യൂഷന്റെ അഭ്യർത്ഥന കോടതി അംഗീകരിച്ചു. ശിക്ഷാവിധി വന്നപ്പോൾ ഘോഷിന് തൂക്കുകയർ വിധിച്ചു.
പെൺകുഞ്ഞ് ഇപ്പോഴും ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുഞ്ഞിനേറ്റ ഗുരുതരമായ പരിക്കുകൾ ഇതുവരെയും ഭേദമായിട്ടില്ല.