തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ ഉയർത്തി ഇടത് സർക്കാർ. ചെയർമാന് ജില്ലാ ജഡ്ജിയുടെ പരമാവധി ശമ്പളമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അതായത് ശമ്പളവും ആനുകൂല്യങ്ങളും ചേർന്ന് 3.5 ലക്ഷം രൂപ മാസാമാസം ചെയർമാന്റെ പോക്കറ്റിലാകും. അംഗങ്ങളെയും സർക്കാർ ‘ചേർത്ത് പിടിച്ചിട്ടുണ്ട്’. മാസമാദ്യം 3.3 ലക്ഷം രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിൽ എത്തുക. 2016 മുതൽ മുൻകാല പ്രബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.
നിലവിൽ ചെയർമാന് പുറമേ 21 അംഗങ്ങളാണ് ഉള്ളത്. ഇവർക്ക് ശമ്പളം നൽകാൻ വേണ്ടി മാത്രം വർഷം 35 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കേണ്ടി വരിക. വിവാദമായതിനെ തുടർന്ന് മുൻപ് രണ്ട് തവണ നീട്ടിവെച്ച ശിപാർശയ്‌ക്കാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇഷ്ടക്കാർക്ക് പണം വാരികോരി നൽകാനുളള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു. സർവ്വീസ് സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.
മാസാമാസം ലക്ഷങ്ങൾ കൈപ്പറ്റുന്നവരുടെ ശമ്പളം കൂട്ടിയ സമയത്ത് തന്നെയാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശ വർക്കർമാർ പട്ടിണി സമരം നടത്തുന്നത്. ശമ്പള വർദ്ധനവിനായി നടത്തുന്ന പട്ടിണി സമരം 10 ദിവസം പിന്നിട്ടു കഴിഞ്ഞു.















