ലക്നൗ: മഹാകുംഭമേളയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുംഭമേളയെ അധിക്ഷേപിക്കുന്നതിലൂടെ സനാതന ധർമ്മത്തേയും ഗംഗാ മാതാവിനെയും ഭാരതത്തെയുമാണ് പ്രതിപക്ഷം അപമാനിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയെ മൃത്യു കുംഭ് എന്നായിരുന്നു കഴിഞ്ഞദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിശേഷിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ വാക്കുകൾ.
56.25 കോടി തീർത്ഥാടകരാണ് ഇതിനോടകം കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തത്. ഏതെങ്കിലുമൊരു രാഷ്‌ട്രീയപാർട്ടിയോ പ്രത്യേക സംഘടനകയോ അല്ല മഹാകുംഭമേള സംഘടിപ്പിച്ചത്. സമൂഹത്തിന്റെ ആഘോഷത്തിന് സേവനങ്ങൾ നൽകുക എന്നത് സർക്കാരിന്റെ കടമയെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെ രാഷ്‌ട്രീയ വത്ക്കരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. യുപി നിയമസഭയിലെ ബജറ്റ് സമ്മേളനങ്ങൾക്കിടയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയെ അധിക്ഷേപിച്ചവർക്കെതിരെ കടന്നാക്രമിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, RJD അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ മഹാകുംഭമേളയെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനകൾ കോടാനുകോടി ഹൈന്ദവ വിശ്വാസികളെ വ്ര ണപ്പെടുത്തിയെന്ന് യോഗി പറഞ്ഞു. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും സനാതന ധർമ്മത്തിനും ഗംഗാ മാതാവിനും രാജ്യത്തിനും എതിരാണ്. കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ വച്ചാണ് പ്രതിപക്ഷ നേതാക്കൾ കളിക്കുന്നതെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.















