ന്യൂഡൽഹി: ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനൽക്കേസിൽ അകപ്പെടുമോയെന്ന ഭീതിയില്ലാതെ കൗമാരക്കാർക്ക് പ്രണയിക്കാനാകണമെന്ന് ഡൽഹി ഹൈക്കോടതി.കൗമാരകാലത്തെ സ്നേഹബന്ധങ്ങൾ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഇവയെ പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ പേരിൽ, 18 വയസ്സാകാറായവർ ഉൾപ്പെട്ട ബന്ധങ്ങളിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.
കൗമാരകാലത്തെ സ്നേഹബന്ധങ്ങൾ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വളരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
“സ്നേഹം മൗലികമായ മാനുഷികാനുഭവമാണ്. കൗമാരക്കാർക്ക് വൈകാരിക ബന്ധങ്ങളുണ്ടാക്കാൻ അവകാശമുണ്ട്. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും നിയമം മാറേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ടുതന്നെ സ്നേഹിക്കാനുള്ള അവരുടെ അവകാശത്തെയും നിയമസംവിധാനം സംരക്ഷിക്കണം. പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ക്രിമിനൽവത്കരിക്കുന്നതിനെക്കാൾ ചൂഷണങ്ങളും അതിക്രമങ്ങളും തടയാനാണ് നിയമം ശ്രദ്ധിക്കേണ്ടത്. കൗമാരബന്ധങ്ങളുടെ കേസുകളിൽ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടത്” കോടതി പറഞ്ഞു.
പ്രായപൂർത്തിയാകുന്നതിനുമുമ്പ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി പതിനെട്ടുകാരനൊപ്പം വീടുവിട്ടുപോയ കേസിൽ പ്രതിയായ കൗമാരക്കാരനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് ശരിവെച്ച് കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണങ്ങൾ നടത്തിയത്.
2014-ൽ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പതിനെട്ടുകാരനെ അറസ്റ്റുചെയ്തിരുന്നു. എന്നാൽ, പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ബന്ധങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നതിനു പകരം ചൂഷണവും ദുരുപയോഗവും തടയുന്നതിനാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണ് അതുപയോഗിക്കേണ്ടതെന്നും കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.