കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അദ്ധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കട്ടിപ്പാറ സ്വദേശിയായ അലീന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. അലീന ജീവനൊടുക്കാൻ കാരണം സ്കൂൾ മാനേജ്മെന്റാണെന്ന് കുടുംബം ആരോപിച്ചു. മകൾക്ക് 100 രൂപ പോലും മാനേജ്മെന്റ് ശമ്പളം കൊടുത്തിട്ടില്ലെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്. എന്നാൽ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സാഹചര്യം വന്നപ്പോൾ പള്ളിക്കമ്മിറ്റിയുടെ സഹായത്തോടെയാണ് അലീനയ്‌ക്ക് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം ലഭിച്ചത്. എന്നാൽ ശമ്പളം ലഭിക്കാതെയാണ് അലീന ജോലി ചെയ്തിരുന്നതെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, അദ്ധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തോലിക് ടീച്ചേഴ്സ് ഗിൽഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘകാല അവധിയിലായിരുന്ന അദ്ധ്യാപിക ജോലിയിൽ നിന്നും രാജിവച്ചുണ്ടായ ഒഴിവിലേക്കാണ് 2021 മുതൽ അലീന ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഭിന്നശേഷി സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിച്ചില്ലെന്ന് കാത്തോലിക് ടീച്ചേഴ്സ് ഗിൽഡ് കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
അദ്ധ്യാപികയ്‌ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിൽ സ്കൂൾ മാനേജ്മെന്റിന് യാതൊരു പങ്കുമില്ലെന്നും അലീനയ്‌ക്ക് മാനേജ്‌മെൻ്റ് സ്വന്തം നിലയിൽ പ്രതിമാസം താത്ക്കാലിക ധനസഹായം നൽകിയിരുന്നുവെന്നും കാത്തോലിക് ടീച്ചേഴ്സ് ഗിൽഡ് കമ്മിറ്റി വ്യക്തമാക്കി.