വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 8,070 രൂപയായി. പവന് 280 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്റെ വില 64,560 രൂപയായി ഉയർന്നു. സ്വർണം നിക്ഷേപമായി കരുതുന്നവർക്കും പഴയ സ്വർണം വിൽക്കാൻ താത്പര്യപ്പെടുന്നവർക്കും ഗുണകരമാണെങ്കിലും വിവാഹാഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയാണ് ഈ വിലക്കയറ്റം.
ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവ കൂടിയാകുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങി വീട്ടിൽ കൊണ്ടുപോകണമെങ്കിൽ കുറഞ്ഞത് 70,000 രൂപയെങ്കിലും നൽകേണ്ടി വരുമെന്നതാണ് സാഹചര്യം.
വെറും രണ്ടാഴ്ചകൊണ്ട് പവന് മൂവായിരത്തോളം രൂപയാണ് വർദ്ധിച്ചത്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് 108 രൂപയായി.
തീരുവ ചുമത്തുന്നതിൽ പകരത്തിന് പകരമെന്ന നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചത് സ്വർണവിലയേയും ബാധിച്ചിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ട്രംപ് നയങ്ങൾ സ്വർണവില കുതിക്കുന്നതിനും കാരണമായെന്നാണ് വിലയിരുത്തൽ.