തിരുവനന്തപുരം: ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വീണാ ജോർജ്, ശശി തരൂർ എംപി എന്നിവരും ചടങ്ങിനെത്തും.
പൂർണമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. 230 കോടി ചെലവിൽ 2.7 ലക്ഷം ചതുരശ്രയടിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളേക്കാൾ വലുപ്പമാണ് പുതിയ കെട്ടിടത്തിനുള്ളത്. ബേസ്മെന്റ് ഉൾപ്പെടെ ഒമ്പത് നിലകളുണ്ട്. പേ-വാർഡ് സൗകര്യം പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തും. കെട്ടിടത്തിലെ 170 കിടക്കകളിൽ 40 എണ്ണം പേ-വാർഡായി ഉപയോഗിക്കും. മിനി ഐസിയു സംവിധാനത്തോടെയാണ് കിടക്കകൾ ക്രമീകരിക്കുന്നത്.
പഴയ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന ആകാശപാതയും സജ്ജമാക്കിയിട്ടുണ്ട്. ഒമ്പത് ഓപ്പറേഷൻ തിയേറ്ററുകൾ, എംആർഐ, സിടി സ്കാൻ വിഭാഗം, മൂന്ന് കാത്ത് ലാബുകൾ, സ്ലീപ് ഡി യൂണിറ്റ്, എക്കോ കാർഡിയോഗ്രഫി സ്യൂട്ട്, നോൺ ഇൻവേസീവ് കാർഡിയോളജി ഇവാല്യുവേഷൻ സ്യൂട്ട് എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.
ഹൃദയ, ന്യൂറോ തുടങ്ങിയ ശസ്ത്രക്രിയകൾക്ക് വേണ്ടി ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നവർക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ജൻ ഔഷധി കേന്ദ്രവും പുതിയ കെട്ടിടത്തിൽ ആരംഭിക്കും. 400 നേഴ്സുമാർ ഉൾപ്പെടെ 800 ജീവനക്കാരെ പുതുതായി നിയമിക്കും.















