ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭാര്യ അന്ന ലെഷ്നേവ, മകൻ അകിര നന്ദൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രയാഗ്‌രാജിൽ എത്തിയത്. കുടുംബത്തോടൊപ്പം പവൻ കല്യാൺ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ തീരത്ത് പൂജ നടത്തുന്നതിന്റെയും ഗംഗാ ആരതി നടത്തുതിന്റെയും ചിത്രങ്ങൾ പവൻ കല്യാൺ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
മഹാകുംഭമേളയിൽ ഒരുക്കിയ എല്ലാ സുരക്ഷാ നടപടികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം നന്ദി അറിയിച്ചു. അടുത്തിടെ കേരളത്തിലെത്തിയ പവൻ കല്യാൺ ചോറ്റാനിക്കരയിലെ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടി ജൂഹി ചൗളയും മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. ഫ്രെബുവരി 26-നാണ് കുംഭമേള സമാപിക്കുന്നത്. ദിനംപ്രതി തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടിക്രമങ്ങൾ യുപി സർക്കാർ നടത്തിവരുന്നുണ്ട്.















