തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. സംഭവത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കല്ലമ്പലം അറബിക് കോളജിലെ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്.
കേസിൽ സീനിയർ വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്‌ക്കാട് സ്വദേശി മുഹ്‌സിൻ (22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തവരാണ് മറ്റ് നാല് പ്രതികൾ.
അറബിക് കോളേജിന്റെ ഹോസ്റ്റൽ പ്രവർത്തിക്കുന്നത് കല്ലമ്പലത്താണ്. ഇവിടെ താമസിച്ചായിരുന്നു വിദ്യാർത്ഥി പഠിച്ചിരുന്നത്. സീനിയർ വിദ്യാർത്ഥികളായ ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും പ്രിൻസിപ്പൽ റഫീഖ് പൊലീസിൽ അറിയിക്കാതെ വിവരം രഹസ്യമാക്കുകയായിരുന്നു.
അവധിക്ക് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോടാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.