തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വിതോമസിന്റെ യാത്രാബത്ത ഇരട്ടിയാക്കി ഉയര്‍ത്താന്‍ സർക്കാർ ശുപാർശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം രൂപയാക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ.
ബുധനാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. ഇത് ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.എന്നാൽ, കഴിഞ്ഞവർഷം 6.31 ലക്ഷം രൂപ ചിലവായതിനാൽ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിർദേശം.
പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനൂകൂല്യങ്ങളും വർധിപ്പിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിൽ കേരളാ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്.അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നൽകിയത് വിവാദമായിരുന്നു.