ന്യൂഡൽഹി: ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് രേഖ ഗുപ്ത. തന്നിൽ വിശ്വാസമർപ്പിച്ചതിന് ഡൽഹിയിലെ ജനങ്ങളോടും പാർട്ടിയോടും നന്ദിയെന്ന് രേഖ ഗുപ്ത പറഞ്ഞു. രാംലീല മൈദാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവരുടെയും അനുഗ്രഹത്തിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞു. പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ചീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രവർത്തനങ്ങളിലൂടെ ഡൽഹിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന് ബിജെപി എം പിയും മുതിർന്ന നേതാവ് സുഷമ സ്വരാജിന്റെ മകളുമായ ബൻസൂരി സ്വരാജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വികസനത്തിന്റെ ഒരു പുതിയ അദ്ധ്യായം രചിക്കും. ഇത് വളരെ വൈകാരികമായ നിമിഷമാണെന്നും ബൻസൂരി സ്വരാജ് പറഞ്ഞു.
നിരവധി ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്താൻ രാംലീല മൈതാനത്ത് എത്തിയത്. എബിവിപിയിലൂടെയും മഹിളാമോർച്ചയിലൂടെയും വളർന്നുവന്ന രേഖ ഗുപതയ്‌ക്ക് ലെഫ്. ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലി നൽകി.