തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമയിലെ പ്രശസ്തമായ ഡയലോഗുകൾ വേദിയിൽ പുനഃസൃഷ്ടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയും സഞ്ജു സാംസണും. ധോണി ആരാധകരുടെ ആപ്പായ ‘DHONI ‘ യുടെ ലോഞ്ചിങ് പരിപാടിക്കിടെ നടന്ന ഈ രസകരമായ നിമിഷങ്ങൾ രാജസ്ഥാൻ റോയൽസിന്റെ എക്സ് പേജിലാണ് പങ്കുവച്ചത്.
രാജസ്ഥാൻ റോയൽസ് പങ്കിട്ട വീഡിയോ ക്ലിപ്പിൽ അവതാരകയുടെ ‘റാപ്പിഡ് ഫയർ’ സെക്ഷനിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇരുവരും. ഏറ്റവും ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ സിനിമാതാരമാരാണെന്ന ചോദ്യത്തിന് സഞ്ജു രജനീകാന്ത് എന്ന് ഉത്തരം നൽകി. നടന്റെ പ്രശസ്തമായ ഡയലോഗുകൾ ഏതെങ്കിലും പറയാൻ അഭ്യർത്ഥിച്ചപ്പോഴാണ് സഞ്ജു ‘ബാഷ’യിലെ “നാൻ ഒരു വാട്ടി സൊന്നാ നൂറ് വാട്ടി സൊന്ന മാതിരി” എന്ന ഡയലോഗ് പറഞ്ഞ് ആരാധകരെ കയ്യിലെടുത്തത്.
എന്നാൽ ‘തല’ യുടെ മാസ് തലൈവർ ഡയലോഗിനായിരുന്നു ആരാധകരുടെ കയ്യടി കൂടുതൽ. പടയപ്പയിലെ ‘യെൻ വഴി തനി വഴി’ എന്ന് രജനീകാന്ത് സ്റ്റൈലിൽ പറഞ്ഞ ധോണിക്ക് ആരാധകർ നിറഞ്ഞ കരഘോഷം മുഴക്കി. പിന്നാലെ വേദിയിലിരുന്ന സഞ്ജുവും ചിരിയടക്കാനാകാതെ ധോണിക്ക് കൈകൊടുത്തു. ഈ മാസം ആദ്യം ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസൺ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ധോണിയും സഞ്ജുവും അടുത്തമാസം നടക്കാനിരിക്കുന്ന ഐപിഎല്ലിൽ തങ്ങളുടെ ടീമുകൾക്കായി കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ്.
Hey Superstar da 🔥 pic.twitter.com/9e9kIUZhtP
— Rajasthan Royals (@rajasthanroyals) February 19, 2025