ലക്നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 220 കുറ്റവാളികൾ കൊല്ലപ്പെട്ടതായി യുപി സർക്കാർ. 2017 മുതലുള്ള കണക്കാണിത്. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി സുരേഷ് കുമാർ ഖന്നയാണ് ഇക്കാര്യമറിയിച്ചത്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലായി നടന്ന പൊലീസ് ഏറ്റുമുട്ടലിൽ 220 കുറ്റവാളികൾ കൊല്ലപ്പെടുകയും 8,022 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് യോഗി സർക്കാരെന്ന് മന്ത്രി എടുത്തുപറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ സഹിഷ്ണുതയില്ലാ-നയമാണ് സ്വീകരിച്ചത്. കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, മാഫിയാ സംഘങ്ങൾ എന്നിവർക്കെതിരെ ശക്തമായ പ്രചാരണമാണ് യുപി സർക്കാർ നടത്തിയിട്ടുള്ളത്. 2017 മാർച്ച് 20നും 2025 ജനുവരി 23-നുമിടെ നിരവധി നൊട്ടോറിയസ് ക്രിമിനലുകളെ നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
68 മാഫിയാ ക്രിമിനലുകൾക്കെതിരെ കേസെടുത്തു, ഇതിൽ 73 കേസുകളിലും ശിക്ഷ ഉറപ്പാക്കി. ഇവയിൽ 31 പേർ ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് പേർക്ക് വധശിക്ഷയും ഉറപ്പാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ 27,425 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരം 11,254 കേസുകളും രജിസ്റ്റർ ചെയ്തു. 3,775 സ്ത്രീധനപീഡന മരണങ്ങളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കി ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കിയെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.