കണ്ണൂർ: അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് പ്രധാന നേത്ര രോഗങ്ങളെ കണ്ടെത്താൻ എ ഐ സഹായം ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രമേഹം മൂലമുണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, വാർദ്ധക്യ സഹജമായ അസുഖം മാക്ക്യൂലർ ഡീജെനറേഷൻ എന്നീ രോഗങ്ങളെ കണ്ടെത്താനാണ് നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്തുക. നയനാമൃതം-രണ്ട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് എ ഐ യുടെ സഹായത്തോടെ കണ്ണ് പരിശോധിച്ച് രോഗം കണ്ടെത്താനുള്ള പദ്ധതി ആശുപത്രികളിൽ നടപ്പിലാക്കുന്നത്. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫണ്ടസ് ക്യാമറ ഉപയോഗിച്ചാണ് സ്ക്രീനിംഗ് നടത്തുന്നത്. പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ നേത്രരോഗ ചികിത്സാ വിദഗ്ധന്റെ അടുത്തേക്ക് റെഫർ ചെയ്യും. കയ്യിൽ വച്ച് ഉപയോഗിക്കാവുന്ന ചെറിയ ഉപകരണം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കാം.
മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ റിമിഡിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും. പ്രമേഹവുമായി ബന്ധപ്പെട്ടുവരുന്ന നേത്ര സംബന്ധമായ രോഗങ്ങളുടെ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി സർക്കാർ നടത്തിവരുന്ന നയനാമൃതം പദ്ധതിയുടെ തുടർച്ചയായാണ് പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പരിശോധന വിപിലീകരിക്കുന്നത്.