ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ സ്വീകരിച്ചു. ഡൽഹിയിൽ നടക്കുന്ന സോൾ ലീഡർഷിപ്പ് കോൺക്ലേവിന്റെ ആദ്യ പതിപ്പിൽ പങ്കെടുക്കുന്നതിനായാണ് ഷെറിംഗ് ടോബ്‌ഗെ ഇന്ത്യയിലെത്തിയത്.
ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിക്കുന്ന സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കോൺക്ലേവിൽ പങ്കെടുക്കാൻ തന്റെ സുഹൃത്ത് എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാഷ്‌ട്രീയം, കായികം, കല, മാദ്ധ്യമം, ആത്മീയലോകം, പൊതുനയം, ബിസിനസ്, സാമൂഹിക മേഖല തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നവർ അവരുടെ ജീവിത യാത്രകളെ കുറിച്ച് പങ്കുവക്കുകയും വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ കുറിച്ച് വിപുലമായ ചർച്ച നടത്തുകയും ചെയ്യും.
രണ്ട് ദിവസത്തെ കോൺക്ലേവിൽ യുവാക്കളെ പ്രോചദിപ്പിക്കാൻ കഴിയുന്ന ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കും. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളിൽ നിന്നും വിജയങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രശ്ന പരിഹാരങ്ങൾ എന്നിവയെ കുറിച്ചും കോൺക്ലേവിൽ ചർച്ച നടക്കും.