റോം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. നേരത്തെ ഉണ്ടായിരുന്ന കടുത്ത പനിയും ക്ഷീണവും മാറിയെന്നും രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
ന്യുമോണിയ കുറഞ്ഞതായും ഏതാനും ദിവസങ്ങൾ കൂടി ചികിത്സയിൽ തുടർന്നശേഷം ആശുപത്രിവിടുമെന്നും ആരോഗ്യവിദഗ്ധർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പോപ്പ് രാവിലെ പരിശുദ്ധ കുർബാന സ്വീകരിക്കുകയും കർത്തവ്യങ്ങളിൽ മുഴുകയും ചെയ്തെന്ന് മാർപാപ്പയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ശ്വാസകോശ സംബന്ധമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫെബ്രുവരി 14-നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചെങ്കിലും വിദഗ്ധ ചികിത്സയ്‌ക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് ഫാർമക്കോളജിക്കൽ തെറാപ്പി ചികിത്സയ്‌ക്ക് അദ്ദേഹത്തെ വിധേയനാക്കുകയായിരുന്നു.