ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ അനുയായികളെ കണ്ട് നന്ദി പറഞ്ഞ് രേഖ ഗുപ്ത. ആം ആദ്മി പാർട്ടി തടഞ്ഞുവച്ച കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് എൻഡിഎ സർക്കാർ അംഗീകാരം നൽകിയെന്ന് രേഖ ഗുപ്ത പറഞ്ഞു. ഡൽഹിയിൽ ചെയ്യാൻ പദ്ധതിയിടുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ആംആദ്മി പാർട്ടി തടഞ്ഞുവച്ചിരുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഞങ്ങൾ അംഗീകാരം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ ജനങ്ങളിലേക്ക് എത്തും. പൊതുമരാമത്ത് വകുപ്പിലെയും ജൽബോർഡിലെ ഉദ്യോഗസ്ഥരെയും യോഗത്തിനായി വിളിപ്പിച്ചിട്ടുണ്ട്. മഴ പെയ്തുണ്ടാകുന്ന റോഡിലെ കുഴികൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്നും” രേഖ ഗുപ്ത പറഞ്ഞു.
വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി രേഖ ഗുപ്ത സംവദിച്ചു. പൂച്ചെണ്ടുകളും മാലകളുമായി എത്തിയാണ് ആളുകൾ ആശംസകൾ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റത്. രാം ലീല മൈതാനിയിൽ ഒത്തുകൂടിയ ജനങ്ങളെ സാക്ഷിയാക്കി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ജനപ്രതിനിധികളും താരങ്ങളും പങ്കെടുത്തിരുന്നു.















