എറണാകുളം: കാക്കനാട് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ ദുരൂഹത. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാന്തിനി വിജയ്, അമ്മ ശകുന്തള എന്നിവരെയാണ് കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
മനീഷ് വിജയിയുടെ സഹോദരി ശാന്തിനി വിജയിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ശാന്തിനി 2006-ൽ ഝാർഖണ്ഡ് പിഎസ് സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റിരുന്നു. എന്നാൽ ആ റാങ്ക് പട്ടിക സംബന്ധിച്ച ചില ആരോപണങ്ങൾ ഉയർന്നു. പിന്നാലെ റാങ്ക് പട്ടിക റദ്ദാക്കുകയും ശാന്തിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. 2021-ൽ കേസ് സിബിഐ ഏറ്റെടുക്കുകയും കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസിൽ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് കുടുംബത്തിന്റെ ആത്മഹത്യ. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ ആത്മഹത്യയ്‌ക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരം അറിയിക്കണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവനൊടുക്കിയാതാകമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഒരാഴ്ചയായി മനീഷ് ഓഫീസിൽ എത്തിയിരുന്നില്ല. നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനീഷിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും.















