ന്യൂഡൽഹിൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പശ്ചിമ ബംഗാളിലെ ദുർഗാപൂർ എക്സ്പ്രസ് വേയിൽ വച്ചാണ് അപകടം. താരത്തിന്റെ വാഹനവ്യൂഹത്തെ എതിരെ വന്ന ലോറി മറികടന്നതാണ് അപകടത്തിനിടയാക്കിയത്. ആർക്കും പരിക്കുകളില്ല.
ഗാംഗുലി ദന്തൻപൂരിൽ ബർദ്വാൻ സർവകലാശാലയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. താരത്തിന്റെ വാഹനവ്യൂഹത്തെ അപ്രതീക്ഷിതമായി കുറുകെ വന്ന ലോറി മറികടക്കാൻ ശ്രമിക്കുകയായിരുന്നു. മുന്നിൽ സഞ്ചരിച്ച ഗാംഗുലിയുടെ കാർ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചവിട്ടി നിർത്തി. ഇതോടെ പിന്നാലെ വന്ന കാറുകൾ ഒന്നൊന്നായി പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അവയിലൊന്ന് ഗാംഗുലിയുടെയും കാറിന്റെ പിന്നിലിടിച്ചു. കാറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ ആർക്കും കാര്യമായ പരിക്കുകളില്ല.
അപകടം സംഭവിച്ചെങ്കിലും സംയമനം പാലിച്ച താരം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോവുകയും ചെയ്തു. ബർദ്വാൻ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം വിദ്യാർത്ഥികളും വിശിഷ്ട വ്യക്തികളുമായി സംവദിച്ചു. താരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചും തന്റെ കരിയറിലെ മഹത്തയ അനുഭവങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്തു. മം ബിസിസിഐ പ്രസിഡന്റ് ആയിരുന്ന ഗാംഗുലി നിലവിൽ WPL-ൽ ഡൽഹി ക്യാപിറ്റൽസ് വനിതാ ടീമിന്റെ മെന്ററായി പ്രവർത്തിക്കുകയാണ്.















