അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തിരിക്കാൻ ട്രംപ് നിയോഗിച്ച ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ഇതാ ഔദ്യോഗികമായി ചുമതലയേറ്റിരിക്കുകയാണ്, ഒപ്പം ഒരു മുന്നറിയിപ്പും. അമേരിക്കക്കാരെ ദ്രോഹിച്ചാൽ വെറുതെവിടില്ലെന്നും ‘അവരെ’ പിടികൂടാൻ ഭൂമിയുടെ ഏതറ്റം വരെയും പോകുമെന്നും കാഷ് പട്ടേൽ വ്യക്തമാക്കി. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവൽ എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
അചഞ്ചലമായ ആത്മവിശ്വാസവും പിന്തുണയും നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു. എഫ്ബിഐയുടെ ചരിത്രവും പാരമ്പര്യവും ഓർത്തുകൊണ്ട് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. നീതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ സുതാര്യമായി പ്രവർത്തിക്കുന്ന എഫ്ബിഐയെ അമേരിക്കൻ ജനത അർഹിക്കുന്നു. നീതിന്യായ വ്യവസ്ഥയെ രാഷ്‌ട്രീയവത്കരിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ട പൊതുജനവിശ്വാസം ഇവിടെ വീണ്ടെടുക്കപ്പെടുകയാണെന്നും മുൻ ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് കാഷ് പട്ടേൽ കുറിച്ചു.
എഫ്ബിഐയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. പോരായ്മകൾ തുടച്ചുനീക്കി അന്വേഷണ ഏജൻസിയെ പുനർനിർമ്മിക്കുന്നതിന് FBIയിലെ സമർപ്പിതരായ സഹപ്രവർത്തകർക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയ്‌ക്ക് അഭിമാനിക്കാൻ കഴിയുന്ന രീതിയിൽ FBI മാറുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് രാജ്യത്തെ ക്രിമിനലുകൾക്ക് അദ്ദേഹം ഒരു ‘വാർണിംഗ് മെസേജ്’ നൽകിയത്. “അമേരിക്കക്കാരെ നോവിക്കാൻ ശ്രമിക്കുന്നവരോട്.. ഇതൊരു മുന്നറിയിപ്പായി കരുതിക്കോളൂ.. നിങ്ങളെ ഞങ്ങൾ കീഴടക്കും. ഈ ലോകത്തിന്റെ ഏതുകോണിൽ പോയൊളിച്ചാലും പിടികൂടിയിരിക്കും.”- കാഷ് പട്ടേൽ പറഞ്ഞു.
അമേരിക്കൻ സെനറ്റിന്റെ അനുമതി ലഭിച്ച ശേഷമാണ് കാഷ് പട്ടേലിന്റെ നിയമനം ഔദ്യോഗികമായത്. FBIയുടെ ഡയറക്ടർ ചുമതലയിലേക്ക് കാഷ് പട്ടേലിനെ നിയോഗിച്ച ട്രംപിന്റെ ഉത്തരവിൽ നിരവധി പ്രതിപക്ഷ ജനപ്രതിനിധികൾക്ക് എതിർപ്പുണ്ടായിരുന്നു. 44കാരനായ പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റുകൾ എതിർത്തെങ്കിലും സെനറ്റിൽ 51-49 എന്ന വോട്ട് നേടി നിയമനം സാധുവാക്കി. റിപ്പബ്ലിക്കൻ സെനറ്റംഗങ്ങളായ രണ്ട് പേർ പട്ടേലിന്റെ നിയമനത്തെ എതിർത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ വിവാദങ്ങളെ തണുപ്പിച്ച് എഫ്ബിഐ തലപ്പത്ത് നിയമിതനാവാൻ നിയമപരമായ അനുമതി നേടിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ.















