തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനാന ചരിഞ്ഞു. അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതാണ് മരണത്തിനിടയാക്കിയത്. മയക്കുവെടി വച്ച് കോടനാട് ആന കേന്ദ്രത്തിൽ എത്തിച്ച കൊമ്പന്റെ മസ്തകത്തിൽ ഒരടി ആഴത്തിൽ മുറിവുണ്ടായിരുന്നു. അണുബാധ തുമ്പിക്കൈയിലേക്കും ബാധിച്ച.തോടെ ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ആനയെ ചികിത്സിച്ച വെറ്ററിനറി ഡോക്ടർ അരുൺ സഖറിയ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കൊമ്പനെ മയക്കുവെടി വച്ച് കോടനാട് എത്തിച്ചത്. പരിശോധനയിൽ മുറിവിനുള്ളിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ നടന്നത്.
കോടനാട് എത്തിച്ച ശേഷം കൊമ്പൻ വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്തിരുന്നു. ഇത് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.















