എറണാകുളം: കേരളത്തിന് മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ ഒൺലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ധാരാളം ആളുകളാണ് കേരളത്തിലേക്ക് വരുന്നതെന്നും ഇത് കണക്കിലെടുത്ത് കേരള ടൂറിസം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ പണം നിക്ഷേപിക്കാൻ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ലഭ്യമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പുനൽകി.
896 കിലോമീറ്റർ ദൈർഘ്യത്തിൽ 31 പുതിയ പദ്ധതികളാണുള്ളത്. കേരളത്തിന്റെ റോഡ് വികസനത്തിന് വേണ്ടി മാത്രം 50,000 കോടിയാണ് അനുവദിക്കുന്നത്. പാലക്കാട്- മലപ്പുറം പാത 10,000 കോടിയും അങ്കമാലി ബൈപാസിന് 6,000 കോടിയും അനുവദിക്കും.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന്റെ വികസനത്തിനായി 5,000 കോടിയും അനുവദിച്ചിട്ടുണ്ട്. ദേശീയപാത 544-ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കി മാറ്റുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.















