കൊച്ചി: അടുത്ത അഞ്ച് വർഷത്തിനകം കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തായിരുന്നു അദാനി പോർട്ട്സ് & SEZ ലിമിറ്റഡ് എംഡി കരൺ അദാനി ഇക്കാര്യം പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഇതിനോടകം അയ്യായിരം കോടി രൂപ അദാനി ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപിച്ചിരുന്നു.
തിരുവനന്തപുരം എയർപോർട്ടിന്റെ കപ്പാസിറ്റി ഉയർത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പുതിയ പ്രഖ്യാപനം. പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽ നിന്ന് 12 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി 5,500 കോടി രൂപ കൂടി നിക്ഷേപിക്കും. കൊച്ചിയിൽ ലോജിസ്റ്റിക്, ഇ-കൊമേഴ്സ് ഹബ്ബ് സ്ഥാപിക്കുമെന്നും കൊച്ചിയിലെ സിമന്റ് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലായി ആകെ 30,000 കോടിയുടെ അധിക നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുക. വരുന്ന അഞ്ച് വർഷത്തിനകം വാഗ്ദാനം നടപ്പിലാക്കുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.
നിരവധി അന്താരാഷ്‌ട്ര നേതാക്കളും വ്യവസായ പ്രമുഖരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ദ്വിദിന ഉച്ചകോടി കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.















