മലപ്പുറം: മകന്റെ ആക്രമണത്തിൽ അമ്മ മരിച്ചു. തിരൂർ പൊന്മുണ്ടം നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാസ് സിലിണ്ടർകൊണ്ട് തലയ്‌ക്കടിച്ചും വെട്ടിയുമാണ് യുവാവ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് അതിക്രൂരമായ സംഭവം നടന്നത്. ഇറച്ചി വ്യാപാരിയായ പിതാവിനൊപ്പം കടയിൽ സഹായത്തിന് നിൽക്കുകയായിരുന്നു മുസമ്മിൽ. ഏഴ് മണിയോടെ കടയിൽ നിന്നും വീട്ടിലെത്തിയ മുസമ്മിൽ ആമിനയെ വലിയ കത്തി ഉപയോഗിച്ച് വെട്ടിയും സിലിണ്ടർ കൊണ്ട് തലയ്‌ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകർന്ന ആമിന അടുക്കളയിൽവച്ചു തന്നെ മരിച്ചു.
ക്രൂരകൃത്യത്തിന് ശേഷവും ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.















