“ബെംഗളൂരുവിനെ മാറ്റാൻ ദൈവത്തിന് പോലുമാകില്ല..” കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാർ പറഞ്ഞ ഈ വാക്കുകൾ കർണാടകയിലെമ്പാടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദൈവിക ഇടപെടൽ ഉണ്ടായാൽ പോലും ബെംഗളൂരുവിലെ പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നായിരുന്നു ശിവകുമാറിന്റെ വാക്കുകൾ. എക്കാലത്തെയും ബെംഗളൂരുവിലെ പ്രശ്നങ്ങളായ ട്രാഫിക് പ്രോബ്ലവും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഉപമുഖ്യമന്ത്രിയുടെ പരാമർശം.
രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാൻ കഴിയില്ല. ദൈവത്തിന് പോലും അതിന് സാധിക്കില്ല. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയാൽ മാത്രമേ അത് സാധ്യമാകൂ. – എന്നായിരുന്നു കോൺഗ്രസ് നേതാവ് പറഞ്ഞത്. റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഭരണകർത്താവിന്റെ പരാമർശം.
അടിസ്ഥാന സൗകര്യ പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും, നടപ്പിലാക്കൽ തീർത്തും മന്ദഗതിയിലാണെന്ന വിമർശനം കർണാടക സർക്കാരിനെതിരെ ഉയർന്നിരുന്നു. ഗതാഗത സൗകര്യങ്ങളിലെ പോരായ്മകൾ, അപര്യാപ്തമായ പൊതുഗതാഗതം സംവിധാനം, എങ്ങുമെത്താത്ത മെട്രോ വികസനം എന്നിവയെക്കുറിച്ച് ബെംഗളൂരു നിവാസികൾ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കർണാടക ഉപമുഖ്യമന്ത്രി ന്യായീകരണവുമായി എത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകളെ സാമ്പത്തിക വിദഗ്ധനായ മോഹൻദാസ് പായ് ചോദ്യം ചെയ്തു. മിസ്റ്റർ ഡി.കെ ശിവകുമാർ, നിങ്ങൾ മന്ത്രിപദത്തിലെത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞു, മന്ത്രിയെന്ന നിലയിൽ നിങ്ങളെ ഇരുകയ്യും നീട്ടിയാണ് ഞങ്ങൾ സ്വീകരിച്ചത്. എന്നാൽ ഞങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുക മാത്രമാണുണ്ടായതെന്നും പായ് എക്സിൽ കുറിച്ചു.
കർണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി നേതൃത്വവും അപലപിച്ചു. ‘ബ്രാൻഡ് ബെംഗളൂരു’ എന്ന ആശയം നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട വ്യക്തിയുടെ ഭാഗത്തുനിന്നു തന്നെ ഇത്തരമൊരു പരാമർശമുണ്ടായത് തീർത്തും നിർഭാഗ്യകരമാണെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ചൂണ്ടിക്കാട്ടി. ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകി. എന്നാൽ വികസനപ്രവർത്തനങ്ങളൊഴികെ മറ്റ് പ്രവൃത്തികളിൽ മതിമറന്ന സർക്കാരാണ് കർണാടക ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.















