റാന്നി: 2024 ജൂലൈ മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് കേരള എൻ.ജി.ഒ. സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർവീസ് വെയ്റ്റേജ്, നഗരബത്ത അലവൻസ്, ലീവ് സറണ്ടർ എന്നിവ നിർത്തലാക്കുകയും സമയബന്ധിതമായി ലഭിക്കേണ്ട ക്ഷാമബത്ത തടഞ്ഞുവയ്‌ക്കുകയും ചെയ്ത് സർക്കാർ ജീവനക്കാരെ അവഗണിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ എല്ലാ സംഘടനകളുടെയും ഒറ്റക്കെട്ടായുള്ള പ്രക്ഷോഭം അനിവാര്യമാണ്. സർവീസ് മേഖലയുടെ നിലനിൽപ്പിന് വേണ്ടിയുള്ള ജീവനക്കാരുടെ പോരാട്ടത്തിന് ഭരണാകൂല സംഘടനകളും മുന്നോട്ട് വരണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാബുരാജ് ആവശ്യപ്പെട്ടു.
റാന്നി എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ബി. എം. എസ്. സംസ്ഥാന സമിതി അംഗം പി. എസ്. ശശി, എൻ. റ്റി. യു.ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേശ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ കലാ സാഹിത്യവേദി ജില്ലാ പ്രസിഡന്റ് എം. എ. കബീർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന കൗൺസിൽ അംഗം ആർ. ആരതിയുടെ അദ്ധ്യക്ഷതയിൽ നടന്ന വനിതാ സമ്മേളനം വനിതാ വിഭാഗം സംസ്ഥാന കൺവീനർ സിന്ധുമോൾ പി. സി. ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി രശ്മി സജയൻ മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സന്ധ്യ പി. എം. സ്വാഗതവും, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ നന്ദിയും പറഞ്ഞു.















