ഗുവാഹത്തി: ലീഗ് നേതാവ് സയ്യിദ് സാദുള്ള 87 വർഷം മുൻപ് നടപ്പാക്കിയ ‘വെള്ളിയാഴ്ച ഇടവേള’ നിർത്തലാക്കുന്ന നിയമ ഭേദഗതി നടപ്പാക്കി അസം. കൊളോണിയൽ കാലത്തെ സമ്പ്രദായങ്ങൾക്ക് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇന്നലെ (വെള്ളിയാഴ്ച) രണ്ട് മണിക്കൂർ ഇടവേള എടുത്തിരുന്നില്ല. നിയമം ഭേദഗതി ചെയ്തതിന് ശേഷം വന്ന പ്രഥമ സമ്മേളനമായതിൽ ഉത്തരവ് ആദ്യമായി നടപ്പാക്കിയ വെള്ളിയാഴ്ചയാണ് കടന്നുപോയത്. 90 വർഷമായുള്ള കൊളോണിയൽ തിരുശേഷിപ്പിന് ഇതോടെ വിരാമമാവുകയായിരുന്നു.
വെള്ളിയാഴ്ചകളിൽ രണ്ട് മണിക്കൂർ സഭാനടപടികൾ നിർത്തിവച്ച് നിസ്കാര ഇടവേള നൽകുന്നത് ഒഴിവാക്കണമെന്ന ബിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് സഭയിൽ പാസായത്. ആഴ്ചയിലെ മറ്റെല്ലാ ദിവസത്തെയും പോലെ വെള്ളിയാഴ്ചയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിന് ചേരുന്ന സമീപനമാകണം സഭയിൽ നടക്കുന്നതെന്നും ബിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1937ൽ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുള്ള നടപ്പാക്കിയ പതിവായിരുന്നു ഇത്. സഭയിൽ ഒത്തുകൂടുന്ന ദിവസം വെള്ളിയാഴ്ചയാണെങ്കിൽ രണ്ട് മണിക്കൂർ അധിക ഇടവേള വേണമെന്നതാണ് നിയമം. സഭയിലെ മുസ്ലീം ജനപ്രതിനിധികൾക്ക് നിസ്കരിക്കാൻ പോകുന്നതിന് വേണ്ടിയാണ് 2 മണിക്കൂർ അധിക ഇടവേള നടപ്പാക്കിയത്. ഇതിനായി വെള്ളിയാഴ്ച ദിവസം 11 മണിയാകുമ്പോൾ സഭാനടപടികൾ നിർത്തിവെക്കുമായിരുന്നു.
എന്നാൽ ആഴ്ചയിലെ മറ്റ് ദിവസങ്ങൾ പോലെ വെള്ളിയാഴ്ചയും സഭാനടപടികളിൽ തടസമുണ്ടാകരുതെന്ന് അസം സർക്കാർ അഭിപ്രായപ്പെട്ടു. തുടർന്ന് സഭയിൽ നിയമം ഭേദഗതി ചെയ്തു. സ്പീക്കർ ബിശ്വജിത് ദൈമാരിയുടെ നേതൃത്വത്തിലുള്ള റൂൾസ് കമ്മിറ്റിയാണ് നിയമഭേദഗതി ചെയ്തത്. കാലഹരണപ്പെട്ട രീതികൾ തുടച്ചുനീക്കുന്നതിനും സഭയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ദശാബ്ദങ്ങളായി പാലിച്ചുവന്ന ‘പതിവ്’ ഇതോടെ നിർത്തലാക്കപ്പെടുകയായിരുന്നു.