മലപ്പുറം: വർഷങ്ങളോളം കേസ് നടത്തി ഭക്തർ സ്വന്തമാക്കിയ ക്ഷേത്രം പിടിച്ചെടുക്കാനൊരുങ്ങി മലബാർ ദേവസ്വം ബോർഡ്. മലപ്പുറം ജില്ലയിലെ ശ്രീ വാളക്കുളം മഹാശിവ ക്ഷേത്രത്തിലേക്കാണ് ദേവസ്വം ബോർഡിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്.
നിത്യപൂജ മുടങ്ങിയ കാലത്ത് ദേവസ്വം ബോർഡ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഔദ്യോഗിക അറിയിച്ച് നൽകാതെയായിരുന്നു പരിശോധനയെന്ന് ഭാരവാഹികൾ പറഞ്ഞു.
തകർന്ന് കിടന്ന ക്ഷേത്രം ഇന്നത്തെ സ്ഥിയിലാക്കിയത് ഭക്തരുടെ കഠിനാധ്വാനമാണ്. വിശ്വാസികളുടെ വർഷങ്ങളായുള്ള സമര, നിയമ പോരാട്ടത്തിനൊടുവിലാണ് ഊരാളൻമാരിൽ നിന്നും ക്ഷേത്രം വിശ്വാസികൾക്ക് വിട്ടു കിട്ടിയത്. പിന്നാലെ പ്രദേശവാസികൾ ചേർന്ന് കൂട്ടായ്മ രൂപീകരിച്ചാണ് ജീർണ്ണാവസ്ഥിലായിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് വാളക്കുളം മഹാശിവക്ഷേത്രം. ക്ഷേത്രം പിടിച്ചെടുക്കാനുള്ള ദേവസ്വം ബോർഡ് നീക്കത്തിൽ ഭക്തർ കടുത്ത അമർഷത്തിലാണ് . നടപടിയിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.















