പാലാ: ചാനൽ ചർച്ചയിലെ വിവാദ പരാമർശക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് പിസി ജോർജ്. കേസുമായി ബന്ധപ്പെട്ട് പൊലീസുകാർ വീട്ടിൽ എത്തിയതായി മനസിലാക്കുന്നുവെന്നും ആരോഗ്യപരമായ കാരണത്താലും സ്ഥലത്ത് ഇല്ലാത്തതിനാലും തിങ്കളാഴ്ച ഉച്ചയ്‌ക്ക് മുൻപായി ഹാജരാകാമെന്നുമാണ് പിസി ജോർജ് അറിയിച്ചത്. സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പിക്ക് പിസി ജോർജ് കത്തയച്ചു.
രണ്ടുമണിക്ക് ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം വീട്ടിൽ ഇല്ലാതിരുന്നതിനാൽ പൊലീസുകാർ മടങ്ങിപ്പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പിസി ജോർജ് സാവകാശം തേടിയത്.
ടെലിവിഷൻ ചർച്ചയ്‌ക്കിടെ പിസി ജോർജ് നടത്തിയ പരാമർശമായിരുന്നു വിവാദമാവുകയും പിന്നാലെ കേസാവുകയും ചെയ്തത്. നാക്കുപിഴയാണ് സംഭവിച്ചതെന്നും ക്ഷമ ചോദിക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞെങ്കിലും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. പിസി ജോർജ് നടത്തിയ ക്ഷമാപണം കോടതി പരിഗണിച്ചിരുന്നില്ല. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തിന് അനുസരിച്ച് നടപടിയെടുക്കാനുള്ള നീക്കത്തിലാണ് ഈരാറ്റുപേട്ട പൊലീസ്.















