നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ട്രോഫി മത്സരം. ദുബായിലാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ വമ്പൻ തോൽവി വഴങ്ങിയാണ് പാകിസ്താൻ എത്തുന്നതെങ്കിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയെ സംബന്ധിച്ച് ബോളർമാരും ബാറ്റർമാരും ഫോമിൽ. പാകിസ്താന്റെ സ്ഥിതി ഇതല്ല. ബാറ്റിംഗിലെ മെല്ലെ പോക്കാണ് പാകിസ്താന് ആദ്യ മത്സരത്തിൽ തിരിച്ചടിയായത്. ഇതിനിടെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിനൊരുങ്ങുമ്പോൾ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പാകിസ്താൻ പേസർ ഹാരിസ് റൗഫ്.
ദുബായിൽ വച്ച് പാകിസ്താൻ ഇന്ത്യയെ രണ്ടുതവണ തോല്പിച്ചിട്ടുണ്ടെന്നും നാളെ മൂന്നാം വട്ടവും അത് ആവർത്തിക്കുമെന്നുമാണ് വെല്ലുവിളി. “ദുബായിൽ ഞങ്ങൾ ഇന്ത്യയെ രണ്ടുതവണ തോൽപ്പിച്ചു. മൂന്നാമാതൊരു വിജയം നേടി ആ പ്രകടനങ്ങൾ ആവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഇതൊരു മികച്ച മത്സരമായിരിക്കും,” പരിശീലന സെഷനു മുമ്പ് ഹാരിസ് റൗഫ് പറഞ്ഞു.ടീമിന്റെ മുൻകാല പ്രകടനങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ ആഗ്രഹിക്കുന്നത്. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പിഴവുകൾ തിരുത്തി, ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും —റൗഫ് പറഞ്ഞു.















