ന്യൂഡൽഹി: പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ. കേരളത്തിൽ കോൺഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടിവന്നേക്കും. ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. കാരണം ഘടകകക്ഷികൾ തൃപ്തരല്ലെന്നും ശശി തരൂർ പറഞ്ഞു. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ വാക്കുകൾ.
രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ തരൂർ ‘മെരുങ്ങി’യെന്ന തരത്തിൽ വിലയിരുത്തലുകൾ പുറത്തുവന്നിരുന്നെങ്കിലും ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന അഭിമുഖമാണ് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയത്. പാർട്ടിക്ക് തന്നെ ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിൽ തനിക്ക് മുൻപിൽ വേറെയും വഴികളുണ്ടെന്ന് പറഞ്ഞ തരൂർ, മറ്റ് രാഷ്‌ട്രീയ പാർട്ടികളിലേക്ക് പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എഴുത്തുകാരനാണ്, പ്രാസംഗികനാണ്, തനിക്ക് മുൻപിൽ പല മാർഗങ്ങളുമുണ്ട് എന്നായിരുന്നു തരൂരിന്റെ മറുപടി. സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും കോൺഗ്രസ് പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് തരൂർ അടിവരയിട്ട് പറഞ്ഞു.
തിരുവനന്തപുരത്ത് നാല് തവണ തുടർവിജയം നേടിയത് കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ മാത്രം നേടിയല്ല എന്നും തരൂർ എടുത്തുപറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ നേട്ടം കൈവരിക്കണമെങ്കിൽ പരമ്പരാഗത വോട്ടുകൾ മാത്രം ലഭിച്ചിട്ട് കാര്യമില്ല. പാർട്ടി അനുയായികൾ അല്ലാത്തവരെയും ആകർഷിച്ച് കൂടുതൽ വോട്ട് സമാഹരിച്ചില്ലെങ്കിൽ മൂന്നാമതും തോൽവി നേരിടേണ്ടി വരും. അത്തരത്തിൽ കൂടുതൽ വോട്ടുകൾ ആകർഷിക്കാൻ തനിക്ക് കഴിയുമെന്നും അതിനായി തന്നെ ഉപയോഗിക്കുന്നില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞുവെക്കുന്നത്.
ചില സ്വതന്ത്രസർവേകളുടെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ തന്റെ വാദം സാധൂകരിച്ചത്. നേതൃപദവിക്ക് താനും യോഗ്യനാണെന്ന് തരൂർ അഭിപ്രായപ്പെടുന്നു. അതിനാൽ പാർട്ടിയിൽ നിർണായകമായ പദവി തനിക്ക് വേണമെന്ന് യാതൊരു മറയുമില്ലാതെ തരൂർ വ്യക്തമാക്കി.
ഇടുങ്ങിയ ചിന്താഗതിയുള്ള നേതാവല്ല താൻ. പാർട്ടി കാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും വ്യക്തമായ അഭിപ്രായവും കാഴ്ചപ്പാടും തനിക്കുണ്ട്. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണ് തന്റെ വോട്ടർമാർ. യുഎന്നിന് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് സോണിയയും മൻമോഹൻ സിംഗും ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിലെത്തിയതെന്നും തരൂർ ഓർമ്മിപ്പിച്ചു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാനുള്ള ചുമതല തനിക്ക് വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് തരൂരിന്റെ വാക്കുകളിൽ വ്യക്തമാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ നിശ്ചയിക്കണമെന്നു കൂടിയാണ് പറയാതെ പറയുന്നതെന്നതും തരൂരിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.