ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ചലഞ്ചിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അജിത്തിന്റെ കാർ മറ്റൊരു റേസറെ പിന്നിലാക്കി കുത്തിക്കുന്നതിനിടെ മുന്നിലെ കാറിലിടിച്ച് നിയന്ത്രണം നഷ്ടമാകുന്നതും പിന്നീട് പലതവണ മറിഞ്ഞ് ചരലിൽ നിൽക്കുന്നതും കാണാം. ഇത് 54 കാരനായ നടന്റെ സുരക്ഷയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്. “സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിൽ അഞ്ചാം റൗണ്ട് അജിത് കുമാറിന് മികച്ചതായിരുന്നു. എല്ലാവരുടെയും അഭിനന്ദനം നേടിയ അദ്ദേഹം 14-ാം സ്ഥാനം നേടി. എന്നാൽ ആറാം റൗണ്ട് നിർഭാഗ്യകരമായിരുന്നു. മറ്റ് കാറുകൾ അദ്ദേഹത്തിന്റേതുമായി രണ്ട് തവണ കൂട്ടിയിടിച്ചു. വീഡിയോയിൽ നിന്ന് അദ്ദേഹം തെറ്റുകാരനല്ലെന്ന് വ്യക്തമായി കാണാം. അപകടമുണ്ടായിട്ടും അദ്ദേഹം പിറ്റിൽ തിരിച്ചെത്തി നന്നായി മത്സരിച്ചു. രണ്ടാം തവണയും അപകടം സംഭവിച്ചപ്പോഴാണ് കാർ രണ്ടുതവണ മറിഞ്ഞുവീണത്. അജിത്ത് പരിക്കേൽക്കാതെ പുറത്തുവന്നു. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. എകെ സുഖമായിരിക്കുന്നു,” മാനേജർ എക്‌സിൽ കുറിച്ചു.
അതേസമയം ആരാധകർ തമിഴ് സൂപ്പർസ്റ്റാറിന്റെ അപകടത്തിൽ ആശങ്ക പ്രകടിപ്പിച്ചു. റേസിംഗ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നതിന് മുൻപ് കൂടുതൽ പരിശീലനം ആവശ്യമാണെന്ന് ചിലർ താരത്തെ ഉപദേശിച്ചു. മറ്റുള്ളവർ എന്തുകൊണ്ടാണ് അജിത്ത് ഇത്രയധികം അപകടങ്ങളിൽ പെടുന്നതെന്ന് ചിന്തിച്ചു. “മറ്റൊരു പ്രൊഫഷണലിനും ഇത്തരത്തിൽ പിഴവുകൾ സംഭവിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല,” ഒരു ഉപയോക്താവ് കുറിച്ചു. “ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ആവേശം നല്ലതാണ്, പക്ഷേ ഒരു ആഗ്രഹവും ജീവിതത്തെയും കുടുംബത്തെക്കാൾ വിലമതിക്കുന്നില്ല. ആവേശം ദുഃഖമായി മാറുന്നതിനു മുൻപ് അജിത്ത് തന്റെ സുരക്ഷയ്‌ക്ക് മുൻഗണന നൽകേണ്ടതുണ്ട്,”മറ്റൊരാൾ കുറിച്ചു.
#Ajith was involved in an accident while racing, but reports confirm that he is safe, with only minor injuries. Defying all concerns, he walked away from the incident unscathed, reassuring fans with his resilience. pic.twitter.com/rgUzRtmWWh
— TrackTollywood (@TrackTwood) February 22, 2025















