തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട് എന്നും കെ മുരളീധരൻ. പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്നുള്ള ശശി തരൂരിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ഹാട്രിക് വിജയം തിരുവനന്തപുരത്തിന് നേടിയത് ചാൾസ് ആണ് എന്നും കെ മുരളീധരൻ പറഞ്ഞു.
“പാർട്ടി പ്രവർത്തകരാണ് നമുക്ക് വേണ്ടി പണിയെടുക്കുന്നത്, പാർട്ടി ഒരു പ്രധാന ഘടകമാണ് പാർട്ടിയാണ് നമുക്ക് സീറ്റ് തരുന്നത് പ്രവർത്തകരാണ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്”; കെ മുരളീധരൻ പറഞ്ഞു. കേരളത്തിൽ ഒരുകാലത്തും പാർട്ടിക്ക് നേതൃ ക്ഷാമം ഉണ്ടായിട്ടില്ല,പലരും അതിനു യോഗ്യരാണ് എന്നും കെ മുരളീധരൻ പറഞ്ഞു.
“ശശി തരൂരിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തണം , അദ്ദേഹത്തിനെ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ് അതിൽ എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ സേവനം ഏതു മേഖലയിൽ ആണെങ്കിലും പാർട്ടി പ്രയോജനപ്പെടുത്തണം. അദ്ദേഹത്തിന് കൂടുതലും നാഷണൽ പൊളിറ്റിക്സിൽ ആണ് കഴിവുള്ളത്, ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാറുണ്ട്
യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്, ദേശീയ രാഷ്‌ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക. അന്താരാഷ്‌ട്രതലത്തിലും തരൂരിന് കഴിവുണ്ട്.” കെ മുരളീധരൻ പറഞ്ഞു.
ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം , അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട് എന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടിവന്നേക്കും എന്നും ഘടകകക്ഷികൾ തൃപ്തരല്ലെന്നും ശശി തരൂർ പറഞ്ഞിരുന്നു. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ വാക്കുകൾ.















