ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളുടെ മോചനം ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണ്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഭീകരാക്രമണം നടത്തി ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ പല ദിവസങ്ങളിലായി റെഡ് ക്രോസിന് കൈമാറിയിരുന്നു. നൂറുകണക്കിന് പാലസ്തീൻ തടവുകാരെയാണ് ഇതിനുപകരമായി ഇസ്രായേൽ നൽകുന്നത്. ബന്ദിമോചനം പുരോഗമിക്കെ കഴിഞ്ഞ ദിവസം വൈറലായ വീഡിയോയായിരുന്നു ഹമാസ് ഭീകരന് ഇസ്രായേൽ ബന്ദി നൽകിയ ചുടുചുംബനം!!
മോചനവേളയിൽ മാസ്കണിഞ്ഞ്, തോക്കേന്തി നിൽക്കുന്ന ഹമാസ് പ്രവർത്തകന്റെ നെറ്റിയിൽ ഇസ്രായേൽ ബന്ദി ചുംബനം നൽകുന്നതായിരുന്നു വീഡിയോ. ശനിയാഴ്ച റെഡ് ക്രോസിന് കൈമാറിയ ആറ് ബന്ദികളിൽ ഒരാളായ ഒമെർ ഷേം ടോവ് ആണ് ഇത്തരത്തിൽ പെരുമാറിയത്. ഒന്നരവർഷത്തോളം തടവിലാക്കിയ ഹമാസ് ഭീകരരോട് ഇത്രമാത്രം സ്നേഹം തോന്നാൻ കാരണമെന്തായിരിക്കുമെന്ന് പലരും ചിന്തിച്ചു. ബന്ദികൾക്ക് ഹമാസ് നൽകിയ പരിചരണത്തിന് നന്ദിപ്രകടിപ്പിച്ചതാകാമെന്ന് ചിലർ വിവക്ഷിച്ചു. ഹമാസ് ഭീകരരല്ലെന്നും അവർ ബന്ദികളോട് പെരുമാറിയത് സ്നേഹത്തോടെയാണെന്നും മറ്റ് ചിലർ പിന്താങ്ങി. എന്നാൽ എന്താണവിടെ സംഭവിച്ചതെന്ന് ബന്ദി തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഡെയ്ലി എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചുംബിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നാണ് ഇസ്രായേലിൽ മടങ്ങിയെത്തിയ ഒമെർ ഷേം ടോവ് പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ പിതാവ് മാദ്ധ്യമങ്ങളെ അറിയിച്ചു. തടവിലാക്കിയവരെ ചുംബിക്കണമെന്നായിരുന്നു നിർദേശം. അങ്ങനെ ചെയ്യാൻ നിർദേശിച്ചതിന്റെ ഫലമായി വേദിയിൽ നിന്ന് നടത്തിയ പ്രകടനമാണത്. അരികിൽ നിൽക്കുന്ന ഹമാസ് പ്രവർത്തകരുടെ നെറ്റിയിൽ ചുംബിക്കുകയും ഒത്തുകൂടിയവരെ കൈവീശിക്കാണിക്കുകയും ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. – പ്രാദേശിക മാദ്ധ്യമമായ കാൻ ടിവിയോട് ഒമെർ ഷേം ടോവിന്റെ പിതാവ് പ്രതികരിച്ചു.















