തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനെ നാലു തവണ വിളിച്ചെന്നും ഫോൺ എടുത്തില്ലെന്നും കെ സുധാകരൻ പറഞ്ഞു.
പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്നുള്ള ശശി തരൂരിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
“ശശി തരൂർ ചെയ്തത് ശരിയായില്ല, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് ഞാൻ. അദ്ദേഹം സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല. എന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ, അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല”. കെ സുധാകരൻ പറഞ്ഞു
“അദ്ദേഹത്തിന് ഇനിയും തിരുത്താം, അതൊന്നും കെപിസിസി നോക്കേണ്ട കാര്യമല്ല, അദ്ദേഹം തന്നെ തിരുത്തിക്കോട്ടേ, അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ല ,പക്ഷെ ഞാൻ അത് പറയും”. കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
കോൺഗ്രസിൽ നേതാക്കൾ ഇല്ലെന്ന വിമർശനത്തെയും കെ സുധാകരൻ തള്ളിപ്പറഞ്ഞു.
“അദ്ദേഹത്തിന് വിമർശിക്കാം, ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം”, ഞാൻ പോരാ എന്ന അഭിപ്രായമുണ്ടെങ്കിൽ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റേത് വ്യാമോഹം മാത്രം എന്ത് വന്നാലും തരൂർ പാർട്ടി വിടില്ല എന്നും കെ സുധാകരൻ പറഞ്ഞു.















