ഡൽഹിയിൽ പത്ത് വർഷം തുടർച്ചയായി ഭരിച്ച ആംആദ്മി പാർട്ടി 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് പ്രതിപക്ഷ ശബ്ദമായി മാറിയിരിക്കുകയാണ്. എന്നാൽ പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അർഹത പോലുമില്ലെന്ന് ജനം വിധിയെഴുതിയതോടെ ആ സ്ഥാനത്തേക്ക് ഇനിയാരെന്ന ചർച്ചകളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നിരുന്നത്. ആകാംക്ഷകൾക്ക് വിരാമം കുറിച്ച് അതിഷി മർലേനയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ് ആംആദ്മി പാർട്ടി.
അഴിമതിക്കേസിനെ തുടർന്ന് ജയിലിൽ കിടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അരവിന്ദ് കേജരിവാൾ നിർബന്ധിതനായപ്പോൾ ചുമതലയേറ്റെടുത്ത ആംആദ്മിയുടെ നേതാവായിരുന്നു അതിഷി മർലേന. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം CM-ഓഫീസിലേക്ക് കയറിയപ്പോൾ കടുത്ത തീരുമാനമായിരുന്നു അതിഷി സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേര കേജരിവാളിനുള്ളതാണെന്നും ആ ഇരിപ്പിടത്തിൽ താൻ ആസനസ്ഥയാകില്ലെന്നും പ്രഖ്യാപിച്ച അതിഷി, മുഖ്യമന്ത്രിയുടെ കസേരയ്‌ക്ക് തൊട്ടപ്പുറത്ത് മറ്റൊരു കസേര സ്ഥാപിച്ച് ഇരിപ്പുറപ്പിച്ചു!!
അരവിന്ദ് കേജരിവാളിന് മാത്രമേ മുഖ്യന്റെ കസേരയിൽ ഇരിക്കാൻ അർഹതയുള്ളൂവെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അതിഷി നിയമസഭാ തെരഞ്ഞെടുപ്പിൽ കേജരിവാൾ അഗ്നിശുദ്ധി തെളിയിച്ച് വരുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആപ്പിന്റെ പ്രതീക്ഷകളെ തകർത്ത് ഡൽഹിയിൽ വിജയക്കൊടി പാറിച്ച ബിജെപി, കേജരിവാളിന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും തട്ടിമാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിച്ച കേജരിവാളിനെ ബിജെപിയുടെ പർവേഷ് വർമ തറപറ്റിച്ചു. കേജരിവാളിന് എംഎൽഎ സ്ഥാനവുംസഭയിലെ പ്രതിപക്ഷക്കസേരയും ഇതോടെ നഷ്ടമായി. ആപ്പിലെ പ്രമുഖ നേതാക്കന്മാരായ മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവരും പരാജയത്തിന്റെ കയ്പ്പുനീർ അറിഞ്ഞതോടെ പ്രതിപക്ഷ കസേരയിലേക്കുള്ള നറുക്ക് അതിഷിക്ക് വീഴുകയായിരുന്നു.
ആംആദ്മിയുടെ നിയമസഭാ കക്ഷി യോഗത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കിടയിൽ നിന്ന് ഏകകണ്ഠമായാണ് അതിഷി തെരഞ്ഞെടുക്കപ്പെട്ടത്. കൽക്കാജിയിൽ നിന്നുള്ള ജനപ്രതിനിധിയും 43-കാരിയുമാണ് അതിഷി മർലേന.















