ചർമ്മം വൃത്തിയായി സൂക്ഷിക്കാൻ പലരീതികളും പരീക്ഷിക്കാറുണ്ട്. പലരും രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഫേസ്‍വാഷുകളും ക്രീമും പുരട്ടി സ്കിൻ കെയർ ചെയ്തുകൊണ്ടാണ്. എന്നാൽ എന്തൊക്കെ ചെയ്താലും മുഖത്ത് നിന്ന് നീക്കം ചെയ്യാൻ സാധിക്കാത്ത ഒരുകൂട്ടം ജീവികളുണ്ട്. ഇവയുടെ തുടക്കവും ഒടുക്കവും നമ്മുടെ മുഖത്താണ്.
ഡെമോഡെക്സ് വിഭാഗത്തിൽപ്പെട്ട ഡമോഡെക്സ് ഫോളികൂലോറമാണ് ഈ കുഞ്ഞൻമാർ. ഐലാഷ്മൈറ്റ്, ഫേസ്മൈറ്റ് എന്നി പേരുകളും ഇവ അറിയപ്പെടാറുണ്ട്. മൈക്രോസ്കോപ്പ് കൊണ്ട് മാത്രം കാണാൻ സാധിക്കുന്ന ഇവയെ കൊണ്ട് പ്രത്യകിച്ച് ദോഷമില്ല. മുഖത്തെ സെബേഷ്യസ് ഗ്രന്ഥികളെ ആശ്രയിച്ചാണ് ഇവ നിലനിൽക്കുന്നത്.
65 തരം ഡെമോഡെക്സ് മൈറ്റുകളിൽ രണ്ട് തരത്തിലുള്ളവയാണ് മനുഷ്യരിൽ കാണുന്നത്. കണ്ണ്, പുരികം, കൺപീലി, നെറ്റി എന്നിവടങ്ങിലാണ് ഇവയുടെ സാന്നിധ്യമുണ്ട്. പകൽ സമയങ്ങളിൽ ഇവ പുറത്തിറങ്ങില്ല. രാത്രികാലങ്ങളിൽ ഇണചേരുന്നതിനും പുതിയ ചർമ്മ പാളി കണ്ടെത്തുന്നതിനുമായാണ് പുറത്തിറങ്ങുന്നത്. 0.1 മുതൽ 0.4 മൈക്രോമില്ലിമീറ്റർ വരെയുള്ള സൂക്ഷമ ജീവിയുടെ ആയുർദൈർഘ്യം രണ്ടാഴ്ചയാണ്. മുട്ടവിരിഞ്ഞാണ് ഇവ ഉണ്ടാകുന്നത്. ഒരു പെൺമൈറ്റ് ഒരു രോമകൂഴിയിൽ 24 വരെ മുട്ടകൾ ഇടും. സുഷിരങ്ങളിൽ രൂപപ്പെടുന്ന കൊഴുപ്പാണ് ഇവയുടെ ആഹാരം
1841ൽ ജർമ്മൻ ശസ്ത്രജ്ഞനായ ജേക്കബ് ഹേൻലയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പഠനം നടത്തിയത്. എന്നാൽ 2014 ൽ നോർത്ത് കരോലീന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്താണ് ഇവയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. 18 വയസ്സുകഴിഞ്ഞ മുഴുവൻ ആളുകളുടെ മുഖത്തും ഇവയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
നവജാത ശിശുവിലേക്ക് മുലയൂട്ടൽ, ചുംബനം എന്നിവയിലൂടെയാണ് സൂക്ഷ്മജീവി എത്തുന്നത്. പിന്നീട് ഇവ ജീവതകാലം മുഴുവൻ ശരീരത്തിൽ കാണും. ചർമ്മത്തിന്റെ ആഴത്തിൽ ജീവിക്കുന്നതിനാൽ സോപ്പുകൾക്ക് ഇവയെ നീക്കം ചെയ്യാൻ കഴിയില്ല.
ഈ കുഞ്ഞൻമാർ ഒരുതരത്തിൽ മുഖത്തിന്റെ ആരോഗ്യ സംരക്ഷകരും കൂടിയാണ്. ഇവ ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുകയും കോശങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇവ കൂടതലായാൽ പ്രത്യേക തരത്തിലുള്ള മുഖക്കുരുവിന് കാരണമാകും.