ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ 241റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
പാകിസ്താനുവേണ്ടി ഓപ്പണർമാരായിറങ്ങിയ ഇമാം ഉള്‍ ഹഖും ബാബർ അസമും ചേർന്ന് 8 ഓവറിൽ 41 റണ്‍സെടുത്ത് നല്ലതുടക്കമാണ് നൽകിയത്. എന്നാൽ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ അക്സര്‍ പട്ടേല്‍ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കിയത്തോടെ പാകിസ്താന്റെ സ്കോർ 47-2 എന്ന നിലയിലായി. അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ പാകിസ്താന്റെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഇന്ത്യൻ ബൗളർമാർ പിന്നീടെറിഞ്ഞ 32 പന്തുകളിൽ ഒരു ബൗണ്ടറിപോലും നേടാൻ റിസ്‌വാനും സൗദ് ഷക്കീലിനും കഴിഞ്ഞില്ല.
മൂന്നാമനായിറങ്ങിയ സൗദ് ഷക്കീൽ പാകിസ്താനുവേണ്ടി അർദ്ധ സെഞ്ച്വറി നേടി. എന്നാൽ 77 പന്തിൽ 46 റൺസെടുത്ത് നിലയുറപ്പിച്ചിരുന്ന മുഹമ്മദ് റിസ്വാന്റെ കുറ്റിതെറിപ്പിച്ച് അക്‌സർ പട്ടേൽ റിസ്വാൻ-സൗദ് കൂട്ടുകെട്ടിന് അന്ത്യം കുറിച്ചു. പിന്നാലെ 62 റൺസ് നേടിയ സൗദിനെ ഹാർദിക്കും മടക്കി. 9 ഓവറിൽ 40 റൺസ് വഴങ്ങിയ കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. 7 ഓവറിൽ 40 റൺസ് വഴങ്ങിയ ജഡേജ ഒരു വിക്കറ്റും നേടി. എന്നാൽ പാകിസ്താൻ ബാറ്റർമാർക്ക് റൺസ് വാരിക്കോരി നൽകിയ മുഹമ്മദ് ഷമിയുടെ ബൗളിംഗ് ഇന്ത്യയെ നിരാശപ്പെടുത്തി. 8 ഓവറിൽ 43 റൺസ് വഴങ്ങിയ ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല. അവസാന ഓവറിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഹർഷിത് റാണ ഇന്ത്യക്കായി അവസാനത്തെ വിക്കറ്റും വീഴ്‌ത്തി.