ലൈംഗിക അതിക്രമ പരാതിയിൽ പ്രതികരിച്ച് സീരിയൽ- സിനിമ നടൻ ശ്രീകുമാർ. ജനപ്രീയ സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ആ സീരിയലിൽ തന്നെയുള്ള നടി ശ്രീകുമാർ, ബിജു സോപാനം എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നടി ആ സീരിയലിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ശ്രീകുമാർ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.
തനിക്കെതിരെ വന്ന വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും ഭാര്യ സ്നേഹയാണെന്ന് ശ്രീകുമാർ പറഞ്ഞു. ‘ഇങ്ങനെയൊരു കേസ് വന്നുവെന്ന മെസേജ് സ്നേഹയുടെ ഫോണിലേക്കാണ് ആദ്യം വന്നത്. ഞങ്ങൾ അന്നൊരു ഉത്സവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. മെസേജ് കണ്ടപ്പോൾ തന്നെ ആദ്യം അവൾ എന്നെ കെട്ടിപ്പിടിച്ചു’.
‘ഞാൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളുടെ സെറ്റിലും സ്നേഹ വരാറുണ്ട്. അവിടെയുള്ള എല്ലാവരെയും സ്നേഹയ്ക്ക് അറിയാം. അങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഇതുപോലെയുള്ള കേസുകളിൽ പെട്ടുപോകുന്ന ഒരുപാട് ആളുകളുണ്ട്’.
‘ഇതുപോലെ മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. നമ്മളെ അറിയാത്ത ഭാര്യയാണ് കൂടെയുള്ളതെങ്കിൽ തകർന്ന് പോകും. പക്ഷേ ഇങ്ങനെയൊരു പ്രശ്നം വന്നപ്പോൾ സ്നേഹ കൂടെ നിന്നെന്നും’ ശ്രീകുമാർ പറഞ്ഞു.















