പട്ന: ബിഹാറിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാമത്തെ ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗൽപൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മഹത്തായ ഭാവി കെട്ടിപ്പടുക്കുന്നതിനും എൻഡിഎ സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകുംഭമേളയെ അധിക്ഷേപിക്കുന്നവരോട് ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും യുറോപ്യൻ രാജ്യങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് ആളുകൾ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാകുംഭമേളയെ പരിഹസിച്ച ആർജെഡി നേതാവ് ലാലു യാദവിന്റെ പരാമർശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 76,000-ത്തിലധികം കർഷകർക്ക് പ്രയോജനമുണ്ടാവും. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയാണിത്. ഇത് സംസ്ഥാനത്തെ കർഷകർക്കുള്ള സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് പറഞ്ഞു. മുൻ കോൺഗ്രസ് സർക്കാരുകൾ ഒരിക്കൽ പോലും കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നൽകിയിട്ടില്ലെന്നും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.















