സിയോൾ: നിർമാണത്തിലിരിക്കുന്ന ഹൈവേ പാലം തകർന്നുതരിപ്പണമായി. ദക്ഷിണ കൊറിയയിലെ ചിയോനൻ സിറ്റിയിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ അപകടം നടന്നത്. രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായുമാണ് വിവരം. മരിച്ച രണ്ടുപേരും നിർമാണ തൊഴിലാളികളാണ്.

രാവിലെ 9.49ഓടെയാണ് അപകടം. പാലത്തെ താങ്ങിനിർത്തുന്ന 164.04 അടി നീളമുള്ള സ്റ്റീൽ ഘടനകൾ ഒന്നിന് പിറകെ ഒന്നായി നിലംപൊത്തുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.















