ലക്നൗ: മഹാകുംഭമേളയുടെ അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. നാളെ ഒരു കോടി ഭക്തർ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്.
മഹാകുംഭമേളയുടെ അവസാന ദിവസം തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമെന്നും തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
മറ്റ് രാജ്യങ്ങളിൽ നിന്നും ആളുകൾ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ജനുവരി 13-ന് ആരംഭിച്ച കുംഭമേളയിൽ 64 കോടി ഭക്തരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ഇതുവരെ നാല് അമൃത് സ്നാനങ്ങൾ കഴിഞ്ഞു. വസന്ത പഞ്ചമി, മാഘ പൗർണമി, മകര സംക്രാന്തി, മൗനി അമവാസി തുടങ്ങിയ ദിവസങ്ങളിലായിരുന്നു അമൃത് സ്നാനം.
തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ട്രെയിൻ, വിമാനം എന്നിവയുടെ ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പ്രയാഗ്‌രാജിൽ എത്തുന്ന തീർത്ഥാടകർക്ക് തങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.