ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിന്റെ ഭാഗമായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ വിപി സുഹ്റ നേരിൽക്കണ്ട് ആവശ്യം അറിയിച്ചു. സുരേഷ് ഗോപിയോടൊപ്പമാണ് സുഹ്റ, കിരൺ റിജിജുവിനെ കണ്ടത്. മുസ്ലീം വ്യക്തിനിയമത്തിൽ നീതി ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ പ്രതിപാദിക്കുന്ന കരട് ബിൽ കേന്ദ്രമന്ത്രിക്ക് മുൻപിൽ സുഹ്റ അവതരിപ്പിച്ചച്ചു. ഇതിന്റെ ദൃശ്യങ്ങളും സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
മുസ്ലീം സ്ത്രീകൾക്ക് തുല്യ അനന്തരാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയുടെ ഭാഗമാകാൻ അവസരം ലഭിച്ചു. മുസ്ലീം അനന്തരാവകാശ നിയമങ്ങളിൽ സ്ത്രീക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ പ്രതിപാദിക്കുന്ന കരട് ബിൽ വിപി സുഹ്റ അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി റിജിജു, സുഹ്റയ്‌ക്ക് ഉറപ്പുനൽകി. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് അധികാരികളുമായും ബിൽ സംബന്ധിച്ച് ചർച്ച നടത്തുമെന്നും സുഹ്റയെ അറിയിച്ചു.
എല്ലാവർക്കും സമത്വവും നീതിയും ലഭിക്കുന്നതിന് വേണ്ടി താൻ നിലകൊള്ളും. സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളെ തുടർന്നും പിന്തുണയ്‌ക്കും.- സുരേഷ് ഗോപി കുറിച്ചു.
മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി.പി സുഹ്റ ഡൽഹിയിലെ ജന്തർമന്ദറിൽ നിരാഹാരസമരം ആരംഭിച്ചിരുന്നു. ഒടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതോടെയാണ് സമരം താത്കാലികമായി നിർത്താൻ സുഹ്റ തയ്യാറായത്. വിഷയത്തിൽ ഇടപെടാമെന്നും കേന്ദ്രമന്ത്രിമാരെ കാണുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകാണെന്നും സുരേഷ് ഗോപി ഉറപ്പുനൽകിയതായി വി.പി സുഹ്റ അറിയിച്ചിരുന്നു. ഈ ഉറപ്പാണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.