ന്യൂഡൽഹി: നടി പ്രീതി സിന്റയ്‌ക്കെതിരെ കേരളത്തിലെ കോൺഗ്രസ് ഘടകം എക്സിൽ പങ്കുവച്ച വ്യാജ വാർത്തയ്‌ക്ക് പിന്നാലെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി താരം. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് നടി പറഞ്ഞു.
പ്രീതി സിന്റയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് കൈമാറുകയും പകരമായി 18 കോടി രൂപ വാങ്ങി ബാങ്കിലെ കടബാധ്യത തീർത്തുവെന്നുമായിരുന്നു കോൺഗ്രസ് എക്സിൽ പങ്കുവച്ച കുറിപ്പ്. ഇതിനാണ് പ്രീതി മറുപടി നൽകിയിരിക്കുന്നത്.
ഒന്നാമതായി, എന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്. ഇത്തരം വ്യാജവാർത്ത പ്രചരിപ്പിക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു. ഇതുപോലെയൊരു രാഷ്‌ട്രീയപാർട്ടി അഥവാ, രാഷ്‌ട്രീയപാർട്ടിയെ പ്രതിനിധീകരിക്കുന്നവർ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്റെ പേരും ചിത്രവും അവർ അതിനായി ഉപയോഗിച്ചു.
ആരും എന്റെ ഒരു വായ്പയും എഴുതിത്തള്ളിയിട്ടില്ല. ഒരുകാര്യം വളരെ കൃത്യമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനെടുത്ത വായ്പ പൂർണമായും തിരിച്ചടച്ചതാണ്. അതും പത്ത് വർഷം മുൻപ്!! നിങ്ങളുടെ സംശയങ്ങൾ ഇതോടെ ദൂരീകരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. – ഇതായിരുന്നു പ്രീതി സിന്റയുടെ മറുപടി.
ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ നിന്ന് പ്രീതി സിന്റ വൻ തുക വായ്പ എടുത്തെന്നും അത് എഴുതിത്തള്ളിയെന്നുമുള്ള റിപ്പോർട്ടുകൾ കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടെയാണ് നടി സത്യാവസ്ഥ വ്യക്തമാക്കിയത്. കോൺഗ്രസിന്റെ കേരള ഘടകമടക്കം വ്യാജറിപ്പോർട്ടുകൾ പ്രചരിപ്പിച്ചതോടെ പ്രതികരിക്കാൻ നിർബന്ധിതയാവുകയായിരുന്നു നടി. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പ്രീതി സിന്റയുടെ പേരും ഫോട്ടോയും സഹിതമായിരുന്നു വ്യാജ റിപ്പോർട്ട് പോസ്റ്റ് ചെയ്തത്.
നടിയുടെ വായ്പ എഴുതിത്തള്ളിയെന്ന റിപ്പോർട്ട് വ്യാപകമായതിന് പിന്നാലെ പ്രീതി സിന്റ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. “12 വർഷത്തിലേറെ മുമ്പ്, ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിൽ തനിക്ക് ഓവർഡ്രാഫ്റ്റ് ഉണ്ടായിരുന്നു. 10 വർഷത്തിന് മുമ്പ്, ഓവർഡ്രാഫ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും പൂർണ്ണമായും അടച്ചുതീർത്തു, അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.” – പ്രീതി പ്രസ്താവനയിലൂടെ അറിയിച്ചു.
ബോളിവുഡിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് പ്രീതി സിന്റ. 2016ൽ ജീനുമായുള്ള വിവാഹത്തിന് ശേഷം യുഎസിലേക്ക് ഇവർ താമസം മാറി. നിലവിൽ, ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ലാഹോർ 1947 എന്ന സിനിമയുടെ ചിത്രീകരണത്തിനായി അവർ ഇന്ത്യയിൽ കഴിയുകയാണ്.