ഗുവാഹത്തി: അസമിലെ തേയിലത്തോട്ടങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ഇവിടെ എത്തിയപ്പോൾ തേയിലയുടെ സുഗന്ധം നന്നായി അറിയാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചായയുടെ സുഗന്ധ ചായക്കടക്കാരനേക്കാൾ നന്നായി മറ്റാർക്കാണ് അറിയാൻ കഴിയുക. അസമിലെ തേയിൽ തോട്ടങ്ങൾ രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം അംബാസഡർമാർ അസമിനെ കുറിച്ച് അറിയാൻ ഇവിടെ എത്തിയിരിക്കുകയാണ്.
അസമിലെ കാസിരംഗ ദേശീയോദ്യാനത്തെ കുറിച്ചും പ്രധാനമന്ത്രി പ്രശംസിച്ചു. കാസിരംഗ സന്ദർശിക്കുകയും അത് ലോകത്തിന് മുന്നിൽ ഉയർത്തികാട്ടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ഞാനാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അസമിന് ക്ലാസികൽ ഭാഷാ പദവി നൽകിയിരുന്നു. ഇതിന് വേണ്ടി വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നു അസമിലെ ജനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിലാണ് മെഗാ പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മറ്റ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ദ്വിദിന സന്ദർശനത്തിനായി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് സ്വീകരിച്ചത്.















