ഗുവാഹത്തി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അസമിൽ 50,000 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. അസമിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ വികസനത്തിനും സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കും റിലയൻസ്ഗ്രൂപ്പിന്റെ സഹായം എന്നുമുണ്ടാകുമെന്ന് പരിപാടിയെ അഭിസംബോധനചെയ്തുകൊണ്ട് മുകേഷ് അംബാനി പറഞ്ഞു.
വരും വർഷങ്ങളിൽ അസമിലെ റിലയൻസിന്റെ നിക്ഷേപം നാലിരട്ടി വർദ്ധിപ്പിച്ച് 50,000 കോടി രൂപയാക്കും. 2018-ൽ നടന്ന ഉച്ചകോടിയിൽ അസമിന് വേണ്ടി 5,000 കോടി നിക്ഷേപിക്കുമെന്ന് റിലയൻസ് വാഗ്ദാനം ചെയ്തിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് 12,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മുകേഷ് അംബാനി പറഞ്ഞു.
സംസ്ഥാനത്തെ ഡിജിറ്റൽ വളർച്ച ഉയർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ കുറിച്ച് മുകേഷ് അംബാനി എടുത്തുപറഞ്ഞു. അസമിന്റെ ടെലികോം നൂതന സാങ്കേതികവിദ്യയിലൂടെ വളർച്ച കൈവരിക്കുന്നതിന് ജിയോ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജിയോയെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് അസമിലെ ജനങ്ങളോടും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.