ചൊവ്വയുടെ ദുർഘടമായ ഉപരിതലത്തിന് താഴെ സമുദ്രമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ഷുറോംഗ് റോവറിന്റേതാണ് കണ്ടെത്തൽ. ഇരുട്ടിൽ പ്രവേശിച്ച് നിർജീവമാകുന്നതിന് മുൻപ് റോവർ കൈമാറിയ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് ചൊവ്വയ്‌ക്കടിയിൽ കടൽ ‘കുഴിച്ചുമൂടപ്പെട്ടതായി’ കണ്ടെത്തിയത്.
ചൊവ്വയുടെ വടക്കൻ സമതലങ്ങളിൽ വളരെകാലം മുൻപ് സമുദ്രം ഉണ്ടായിരുന്നതായും കടൽത്തീരത്തെ മണൽത്തരികളെന്ന് സൂചിപ്പിക്കുന്ന പലതിന്റെയും തെളിവുകൾ റോവറിന് ലഭിച്ചതായുമാണ് റിപ്പോർട്ട്.
2021 മെയ് മുതൽ 2022 മെയ് വരെയായിരുന്നു ചൈനയുടെ റോവർ ചൊവ്വയുടെ ഉപരിതലത്തിൽ പ്രവർത്തിച്ചിരുന്നത്. 1.9 കിലോമീറ്റർ ദൂരം ഇത് സഞ്ചരിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഡാറ്റയിലാണ് ചൊവ്വയിൽ കടൽത്തീരം ഉണ്ടായിരുന്നുവെന്ന സൂചനകൾ ലഭിച്ചത്. ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിലെ വമ്പൻ സമതലമായ ഉടോപിയ പ്ലാനിറ്റിയയുടെ ദക്ഷിണ മേഖലയിലായിരുന്നു ചൈനീസ് റോവറിന്റെ പര്യവേക്ഷണം.
ചൊവ്വയുടെ ഉപരിതലത്തിൽ തുളച്ചുകയറുന്ന റഡാറുമായാണ് റോവർ റോന്തുചുറ്റിയിരുന്നത്. ഉയർന്ന ഫ്രീക്വൻസിയിലുള്ള റേഡിയോ തരംഗങ്ങൾ കടത്തിവിടാൻ ശേഷിയുള്ള റഡാറാണിത്. ഉപരിതലത്തിൽ നിന്ന് 260 അടിയോളം താഴ്ചയിലേക്ക് റഡാർ സഞ്ചരിക്കും. ഇതുവഴിയാണ് കടൽത്തീരത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉപരിതലത്തിൽ നിന്ന് നോക്കുമ്പോൾ കാണാൻ കഴിയില്ലെങ്കിലും റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇത് വ്യക്തമാണെന്നാണ് ചൈനീസ് യൂണിവേഴ്സിറ്റിയിലെ പ്ലാനറ്ററി ഗവേഷകൻ ഹൈ ലിയൂ പറയുന്നത്. ചൈനയുടെ Tianwen-1 ദൗത്യാംഗം കൂടിയാണ് അദ്ദേഹം.
ചൊവ്വയിൽ ഡ്യൂറ്റെറോണിൽസ് (Deuteronilus) എന്ന സമുദ്രം നിലനിന്നിരുന്നുവെന്ന സങ്കൽപ്പത്തെ സാധൂകരിക്കുന്ന തെളിവ് കൂടിയാണ് ചൈനീസ് റോവറിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്. ഏകദേശം 3.5-4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സാങ്കൽപ്പിക സമുദ്രമാണ് ഡ്യൂറ്റെറോണിൽസ്.
നാസയുടെ റോവറുകൾ സമാനമായ കണ്ടെത്തൽ നേരത്തെ നടത്തിയിരുന്നു. ചൊവ്വയെന്ന ഗ്രഹം പണ്ടൊരിക്കൽ ജലാംശം നിറഞ്ഞതായിരുന്നുവെന്നും വ്യാപിച്ചുകിടക്കുന്ന സമുദ്രങ്ങൾ ചൊവ്വയിൽ ഉണ്ടായിരുന്നുവെന്നും നാസ വിക്ഷേപിച്ച റോവറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.