ലക്നൗ: മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ശിവരാത്രി ദിവസമായതിനാൽ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ പ്രയാഗ്‌രാജിലേക്ക് എത്തുന്നു. പുലർച്ചെ മുതൽ വലിയ തിരക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
ഇന്ന് ഒരു കോടിയിലധികം തീർത്ഥാടകർ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കുന്ന എല്ലാ തീർത്ഥാടകർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ അറിയിച്ചു. മഹാശിവരാത്രി ദിവസമായ ഇന്ന് പുണ്യസ്നാനം ചെയ്യാനായി എത്തിയ എല്ലാവരെയും മഹാദേവൻ അനുഗ്രഹിക്കട്ടെയെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
അർദ്ധരാത്രി തന്നെ സംഗമസ്ഥാനത്ത് ഭക്തർ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ അഞ്ച് അമൃത് സ്നാനങ്ങളിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ ആളുകൾ ഇന്ന് സ്നാനം നടത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മാത്രം 1.33 കോടി ഭക്തരാണ് പുണ്യസ്നാനം ചെയ്തത്. ഇതോടെ കുംഭമേളയിൽ പങ്കെടുത്തവരുടെ എണ്ണം 65 കോടി കടന്നു.
രാത്രിയും പകലും തിരക്ക് തുടരുന്നതിനാൽ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കുന്നുണ്ട്. തിരക്കേറിയ ഭാഗങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ്, അർദ്ധസൈനിക സേനകൾ, ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.















