ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ സുരക്ഷാ മുൻകരുതലുകളെ കുറിച്ച് അവലോകനം ചെയ്യുന്നതിനാണ് കേന്ദ്രമന്ത്രി എത്തിയത്. റെയിൽവേയുടെ ക്രമീകരണങ്ങളിൽ താൻ സംതൃ്പതനാണെന്ന് കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
റെയിൽവേ സ്റ്റേഷനിലെ ഹോൾഡിംഗ് ഏരിയയിൽ 36 ടിക്കറ്റ് കൗണ്ടറുകളുണ്ട്. കൂടാതെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർക്ക് സ്റ്റേഷന് പുറത്ത് നിന്ന് തന്നെ ടിക്കറ്റ് വാങ്ങാവുന്നതാണ്. യാത്രക്കാരോട് സംസാരിച്ചെന്നും അവർ സന്തുഷ്ടരാണെന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോൾഡിംഗ് ഏരിയയിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷം യാത്രക്കാർ വരിയിൽ പോകുന്നു. ദിവസവും 3,4 പ്രത്യേക ട്രെയിനുകൾ ആവശ്യമാണ്. അതനുസരിച്ച് ട്രെയിൻ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഷനിലെത്തിയ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിയുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി റെയിൽവേ അറിയിച്ചു. കൂടാതെ ടിക്കറ്റ് വിൽപ്പന തത്സമയം നിരീക്ഷിക്കാനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.